India Mirror News

മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുന്നു; ചെന്നിത്തല ഡൽഹിയിൽ

മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുന്നു; ചെന്നിത്തല ഡൽഹിയിൽ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് ഡൽഹിയിലേക്ക് വ്യാപിക്കുന്നു. ഗ്രൂപ്പ് തർക്കങ്ങൾ മുറുകുന്നതിനിടെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾക്കാണ് അദ്ദേഹം എത്തിയതെങ്കിലും, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി മുൻനിർത്തിയാണെന്നാണ് സൂചന. രാഹുൽ ഗാന്ധി നിലവിൽ ഡൽഹിയിലില്ലാത്തതിനാൽ ഖർഗെയെ കണ്ട് തന്റെ നിലപാടുകൾ വ്യക്തമാക്കാനാണ് ചെന്നിത്തലയുടെ നീക്കം.

അതേസമയം, കേരളത്തിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള അധികാര വടംവലി പോസ്റ്റർ യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ വി.ഡി. സതീശനെതിരെ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ രൂക്ഷമായ ഭാഷയിലുള്ള ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വി.ഡി. സതീശൻ പിആർ വർക്കുകളിലൂടെ മുഖ്യമന്ത്രിയാകാൻ വ്യാമോഹിക്കേണ്ടെന്നും ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ചു കാണിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. സതീശന്റെ പിആർ പണികൾ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് ഈ പോസ്റ്ററുകളിലെ പ്രധാന ആക്ഷേപം. തിരഞ്ഞെടുപ്പ് വിജയത്തിന് മുൻപേ കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്നത് മുന്നണിക്ക് വലിയ തലവേദനയായിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *