കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം സമൂഹമാധ്യമങ്ങളിൽ പരസ്യമായ ചേരിപ്പോരിലേക്ക് നീങ്ങുന്നു. കെ.സി. വേണുഗോപാലിനെ പ്രകീർത്തിച്ചും അദ്ദേഹം കേരള രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആവശ്യപ്പെട്ടും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. സുധാകരന്റെ നിലപാടിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രൂക്ഷമായ സൈബർ ആക്രമണം അഴിച്ചുവിട്ടതോടെ അദ്ദേഹത്തിന് തന്റെ പേജിന്റെ കമന്റ് ബോക്സ് പൂട്ടേണ്ടി വന്നു. നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ വേണുഗോപാലിന് കഴിയട്ടെ എന്ന സുധാകരന്റെ ആശംസ, പരോക്ഷമായി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതാണെന്ന വിലയിരുത്തലാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണം. അതേസമയം, കെ.സി. വേണുഗോപാലിനെ പിന്തുണച്ച് രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ, സന്ദീപ് വാര്യർ തുടങ്ങിയ പ്രമുഖ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനെ ഏറ്റവും മനോഹരമായി ഏകോപിപ്പിച്ചത് കെ.സി. വേണുഗോപാലാണെന്നും അദ്ദേഹത്തിന്റെ അർഹതയ്ക്ക് മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സന്ദീപ് വാര്യർ വീഡിയോയിലൂടെ പ്രതികരിച്ചു. കെ.സി. വേണുഗോപാലിന്റെ സംഘടനാ മികവിനെ സുധാകരൻ പ്രശംസിച്ചതോടെ പാർട്ടിയിലെ മറ്റ് ഗ്രൂപ്പുകളും സജീവമായിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെയും വി.ഡി. സതീശന്റെയും പേരുകൾ ഉയർത്തി മറ്റ് നേതാക്കളും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ രൂക്ഷമായ ഈ ചർച്ചകൾ ദേശീയ നേതൃത്വം ഇടപെട്ടാണ് താൽക്കാലികമായി ശമിപ്പിച്ചിരുന്നത്. എന്നാൽ ഫലം വരാനിരിക്കെ സുധാകരന്റെ പുതിയ നീക്കം പാർട്ടിക്കുള്ളിലെ അധികാര വടംവലി വീണ്ടും മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.



