പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. തനിക്കെതിരെ ഉയർന്നിരിക്കുന്നത് പൂർണ്ണമായും കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു. പണം നൽകിയതായി പറയപ്പെടുന്ന സ്ത്രീക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്നും ദൃശ്യങ്ങളിൽ കാറിനുള്ളിൽ കണ്ടത് തന്റെ നിഴലാണെന്നുമാണ് ശോഭ സുരേന്ദ്രന്റെ വിശദീകരണം. കാൻസർ രോഗിയായ ഒരാളെ സന്ദർശിക്കാനാണ് താൻ കണ്ണാടിയിൽ പോയതെന്നും ഇതിനെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഇതിനെതിരെയുള്ള കൃത്യമായ തെളിവുകൾ പുറത്തുവിടുമെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി.
തന്റെ കാറിനെ കോൺഗ്രസ് പ്രവർത്തകർ പിന്തുടരുകയായിരുന്നെന്നും ഇത് ചോദ്യം ചെയ്യുകയാണ് താൻ ചെയ്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വിനേഷ് എന്നയാൾ ഓടിച്ചിരുന്ന കാറിലുണ്ടായിരുന്നവർ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചതാണ് തർക്കത്തിന് കാരണമായത്. ഒരു സ്ത്രീയെ അപമാനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും താൻ പ്രതികരിക്കുമെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങൾ മാനിപ്പുലേറ്റ് ചെയ്താണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും വെളുത്ത ചൂരിദാറിട്ട സ്ത്രീ കാറിനകത്തുണ്ടെന്ന പ്രചാരണം തെറ്റാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. താനും പ്രമീള ശശീധരനും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നും കോൺഗ്രസിന്റെ കൊടിവെച്ച രണ്ട് വണ്ടികൾ തങ്ങളെ പിന്തുടർന്നിരുന്നതായും അവർ ആരോപിച്ചു.
സംഭവത്തിൽ പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കൃത്യമായ അന്വേഷണം നടത്തേണ്ടതെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വികസനം പറഞ്ഞ് വോട്ട് ചോദിക്കുന്ന ബിജെപി പാലക്കാട് ജയിക്കുമെന്ന് കണ്ട് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ കരുത്ത് കേരളം അറിയുമെന്നും ഇത്തരം ആസൂത്രിത ശ്രമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കുമെന്നും അവർ പറഞ്ഞു. തന്നെ അപമാനിക്കാനും പ്രചാരണത്തെ അട്ടിമറിക്കാനും ശ്രമിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.



