വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ടീസർ പുറത്തുവന്നു. 2026 ഏപ്രിൽ 9-ന് ഈ പുത്തൻ മിഡ്-സൈസ് എസ്‌യുവി വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടീസറിൽ വാഹനത്തിന്റെ സിലൗറ്റ് മാത്രമാണ് കാണാനാകുന്നതെങ്കിലും, പുതിയ സ്കോഡ കുഷാക്കിന് സമാനമായ കോസ്‌മെറ്റിക് മാറ്റങ്ങളും അത്യാധുനിക ഫീച്ചറുകളും പുതിയ ടൈഗണിൽ പ്രതീക്ഷിക്കാം. എൽഇഡി ലൈറ്റ് ബാറോടു കൂടിയ പരിഷ്കരിച്ച ഫ്രണ്ട് ഗ്രില്ലും മധ്യഭാഗത്ത് പ്രകാശിക്കുന്ന ഫോക്‌സ്‌വാഗൺ ബാഡ്‌ജുമായിരിക്കും മുൻഭാഗത്തെ പ്രധാന ആകർഷണം. ഇതിനുപുറമെ പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ, പുതിയ അലോയ് വീലുകൾ എന്നിവയും വാഹനത്തിന് പുതുമ നൽകും. വാഹനത്തിന്റെ നീളത്തിലോ വീതിയിലോ മറ്റ് അളവുകളിലോ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെങ്കിലും പുതിയ കളർ ഓപ്ഷനുകൾ കമ്പനി അവതരിപ്പിച്ചേക്കാം.
അകത്തളത്തിൽ കൂടുതൽ ആധുനികമായ സൗകര്യങ്ങളാണ് ഫോക്‌സ്‌വാഗൺ ഒരുക്കുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയ്‌ക്കൊപ്പം പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ എന്നിവയും പുതിയ മോഡലിന്റെ ഭാഗമാകും. പിൻസീറ്റുകളിൽ മസാജിംഗ് ഫംഗ്ഷൻ ഉൾപ്പെടുത്തിയേക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. എൻജിൻ കരുത്തിന്റെ കാര്യത്തിൽ നിലവിലുള്ള 1.0 ലിറ്റർ ടർബോ (115bhp), 1.5 ലിറ്റർ ടർബോ (150bhp) പെട്രോൾ ഓപ്ഷനുകൾ തന്നെ തുടരും. എന്നാൽ 1.0 ലിറ്റർ എൻജിനിൽ പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇടംപിടിക്കുന്നത് ഡ്രൈവിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തും. 1.5 ലിറ്റർ മോഡലിൽ 7-സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ തന്നെയാകും നൽകുക.



