രാജ്യത്തെ എൽപിജി ക്ഷാമം ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കെ, വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ വൻ വർധനവ് തിരിച്ചടിയാകുന്നു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 195.50 രൂപയാണ് വർധിപ്പിച്ചത്. ഇതിനുപുറമെ അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറുകൾക്ക് 51 രൂപയും കൂട്ടിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവിനൊപ്പം വിലയും കുതിച്ചുയർന്നതോടെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഉടമകൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനും എൽപിജിക്കും വിലയേറുന്ന പശ്ചാത്തലത്തിൽ മാർച്ച് മാസത്തിൽ മാത്രം ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് വർധിപ്പിക്കുന്നത്.
പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ കൊൽക്കത്ത പോലുള്ള നഗരങ്ങളിൽ വലിയ സിലിണ്ടറുകൾക്ക് 218 രൂപ വരെയാണ് വർധനവ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ ഒരു സിലിണ്ടറിന് 2078 രൂപയും കൊൽക്കത്തയിൽ 2208 രൂപയും മുംബൈയിൽ 2031 രൂപയുമാണ് നിലവിലെ വില. ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ 2246 രൂപയ്ക്കാണ് സിലിണ്ടറുകൾ വിൽക്കുന്നത്. ഗ്യാസ് കിട്ടാനില്ലാത്ത സാഹചര്യം വന്നതോടെ പല ഹോട്ടലുകളും വിറകടുപ്പുകളെ ആശ്രയിക്കാൻ തുടങ്ങിയെങ്കിലും വിറകിന്റെ വിലയും കുത്തനെ ഉയർന്നത് ഈ മേഖലയെ ആകെ ഞെരുക്കത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഭക്ഷ്യവിലയെയും സാധാരണക്കാരെയും ഈ വിലക്കയറ്റം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.



