വിവാദപരമായ സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും തിരിച്ചടി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീൽ ഹർജി പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയില്ല. മുഖ്യമന്ത്രിക്ക് പുറമെ പി.എ. മുഹമ്മദ് റിയാസ്, ടി. വീണ, ഹസൻ വാരിസ് എന്നിവരാണ് അപ്പീൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ വിഷയം പരിഗണിച്ച ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൻ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇവർക്ക് പ്രത്യേക അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കി ഹർജികൾ തള്ളുകയായിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയനടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. വിജിലൻസ് കേസെടുത്തതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ട് പുതിയ ഇ.സി.ഐ.ആറുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ ഈ കേസിൽ ആകെ രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആറുകളുടെ എണ്ണം മൂന്നായി ഉയർന്നു. സി.എം.ആർ.എല്ലിൽ നിന്ന് ടി. വീണയ്ക്ക് ലഭിച്ച തുക പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഇതിനുപുറമെ പി.എ. മുഹമ്മദ് റിയാസിനെതിരെ ഹവാല ഇടപാട് ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവോടെ കേസിൽ പ്രതിസ്ഥാനത്തുള്ളവർക്ക് നിയമപരമായ തിരിച്ചടി കടുത്തിരിക്കുകയാണ്.



