India Mirror News

റിപ്പോർട്ടർ ടി.വിയിലെ റെയ്ഡിൽ അപാകതയില്ല; തട്ടിപ്പുകാർക്കെതിരെയുള്ള നടപടിയെന്ന് ഷാഫി പറമ്പിൽ

റിപ്പോർട്ടർ ടി.വിയിലെ റെയ്ഡിൽ അപാകതയില്ല; തട്ടിപ്പുകാർക്കെതിരെയുള്ള നടപടിയെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് പവർ കട്ട് കാരണം ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. പിണറായി വിജയന്റെ കാവൽ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ പവർ കട്ട് ഉണ്ടായിരുന്നുവെന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ കെ.സി. വേണുഗോപാൽ ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത് ഒരു രാത്രി കൊണ്ട് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ലെന്നും പ്രശ്നപരിഹാരത്തിന് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി.വിയിൽ നടന്ന എക്സൈസ്-പൊലീസ് റെയ്ഡിൽ അപാകതകളൊന്നുമില്ലെന്നും ആന്റോ അഗസ്റ്റിൻ എന്ന തട്ടിപ്പുകാരൻ തന്നെയായിരുന്നു ഇത്തരമൊരു റെയ്ഡ് പ്രതീക്ഷിച്ചിരുന്നതെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.

സ്വന്തം സാമ്പത്തിക തട്ടിപ്പ് കേസുകളിൽ നിന്ന് സംരക്ഷണം നേടാനുള്ള ഒരിടമായാണ് ആന്റോ അഗസ്റ്റിൻ മാധ്യമ സ്ഥാപനത്തെ ഉപയോഗിച്ചതെന്നും, മുതലാളി മാധ്യമപ്രവർത്തകൻ ചമഞ്ഞാണ് തട്ടിപ്പുകൾ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ നടപടി മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമല്ല, മറിച്ച് തട്ടിപ്പുകാർക്കെതിരെയുള്ള നിയമപരമായ നടപടിയാണ്. വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ എം.പി, എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷമ അപാരമാണെന്ന് പ്രശംസിക്കുകയും സർക്കാരിനെതിരെ വാർത്ത നൽകിയതിനല്ല നടപടിയെന്നും മറ്റ് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും ചൂണ്ടിക്കാട്ടി. കൂടാതെ, എക്‌സാലോജിക്-സി.എം.ആർ.എൽ ഇടപാടിൽ കേസെടുക്കണമെന്ന ഇ.ഡി ശുപാർശയിൽ കോൺഗ്രസ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരാധകരല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും പറഞ്ഞ അദ്ദേഹം, വിഷയം നിയമോപദേശം തേടി വരികയാണെന്നും കെ.പി.സി.സി പുനഃസംഘടനയിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *