മുട്ടിൽ മരമുറി വഞ്ചന കേസിൽ പ്രതികൾ തുടർച്ചയായി ഹാജരാകാത്ത സംഭവത്തിൽ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി നിലപാട് കടുപ്പിച്ചു. വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തുന്നതിനായി പ്രതികൾ വരുന്ന 11-ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ഇതിന് തയ്യാറായില്ലെങ്കിൽ പ്രതികൾക്ക് അനുവദിച്ചിട്ടുള്ള വീഡിയോ കോൺഫറൻസിങ് സൗകര്യം റദ്ദാക്കുമെന്നും, അല്ലെങ്കിൽ വിചാരണ തടയുന്ന ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും കോടതി വ്യക്തമായ മുന്നറിയിപ്പ് നൽകി. കേസ് പരിഗണിച്ചപ്പോൾ ഇന്ന് പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.
ഒരേ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ആവശ്യവുമായാണ് കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഈ ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. ചോറ്റാനിക്കര കോടതിയിലുള്ളത് സാമ്പത്തിക വഞ്ചനാ കേസാണെന്നും വയനാട്ടിലേത് വനം വകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും ചൂണ്ടിക്കാട്ടിയ സർക്കാർ, ഇവ രണ്ടും വ്യത്യസ്ത കേസാണെന്ന് വ്യക്തമാക്കി. പ്രതികളുടെ ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.



