ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഹരി ഉപയോഗം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയ പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് സഹപാഠികളിൽ നിന്ന് ക്രൂരമായ മർദനമേറ്റു. മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്സ് വിദ്യാർത്ഥിയും അണക്കര സ്വദേശിയുമായ യുവാവാണ് ആക്രമണത്തിന് ഇരയായത്. ഹോസ്റ്റൽ മുറിയിൽ വെച്ച് സഹപാഠികളായ മൂന്നുപേർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് കണ്ടതിനെത്തുടർന്ന്, അധ്യാപകരുടെ നിർദേശപ്രകാരം ഇതിന്റെ ദൃശ്യങ്ങൾ പകർത്തി നൽകുകയായിരുന്നു. എന്നാൽ സംഭവത്തിൽ ലഹരി ഉപയോഗിച്ചവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറായില്ല.
വിവരങ്ങൾ ചോർത്തി നൽകിയത് ഈ വിദ്യാർത്ഥിയാണെന്ന് മനസ്സിലാക്കിയ പ്രതികൾ, യുവാവിന്റെ ജനനേന്ദ്രിയത്തിന് അടക്കം ഗുരുതരമായി പരിക്കേൽപ്പിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളിലൊരാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, പ്രായപൂർത്തിയാകാത്ത വ്യക്തിയായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ആക്രമണത്തിൽ പങ്കാളികളായ മറ്റു രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.



