മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. മുട്ടിൽ നിന്ന് മുറിച്ച തടികൾ അമ്പലമേടുള്ള ഫാക്ടറിയിലെത്തിച്ച സംഭവത്തിൽ, തടികൾ വനംവകുപ്പ് കണ്ടുകെട്ടിയിരുന്നു. തുടർന്ന് അഗസ്റ്റിൻ സഹോദരങ്ങൾ തങ്ങളെ കബളിപ്പിച്ചെന്ന് കാണിച്ച് തടി ഫാക്ടറി ഉടമ നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് കേസ് എടുത്തത്.
കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ വിടുതൽ ഹർജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ ഹർജിയും കോടതി നിരാകരിക്കുകയായിരുന്നു. തുടർന്ന് വിചാരണക്കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും പ്രതികൾ എത്താതിരുന്ന പശ്ചാത്തലത്തിലാണ് മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.



