പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കി ഒളിവിൽ തുടരുകയാണ്. ഒളിസങ്കേതം കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ലെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ അർജുൻ ഇപ്പോഴും തുടർച്ചയായി പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ ഇയാൾ തൃശൂരിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. അതേസമയം, അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നുപേരെ പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒമാരെ ഭീഷണിപ്പെടുത്തിയതിനും ആഭ്യന്തരമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ചതിനും അർജുനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് കേസ് മാത്രമുള്ള തന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വെടിവെച്ചുകൊല്ലാൻ ശ്രമിക്കുകയാണെന്നും, കള്ളക്കേസിൽ ജയിലിലടച്ചപ്പോൾ തന്റെ ജീവിതം തകർന്നെന്നും അർജുൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ അർജുനെ വെടിവെക്കാൻ നിർദേശമുണ്ടായിരുന്നെന്ന വാർത്തകളോട്, മുട്ടിന് വെടിവെച്ചാലും താൻ മുട്ടുകുത്തില്ലെന്നാണ് ഇയാൾ പ്രതികരിച്ചത്. നിരന്തരം സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളികളും പരിഹാസങ്ങളും ഉയർത്തുന്നതിനാൽ പ്രതിയെ ഉടൻ പിടികൂടാൻ പൊലീസിന് മേൽ കടുത്ത സമ്മർദ്ദമുണ്ട്. കൂടാതെ, അർജുന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരെങ്കിലും ആണോ കൈകാര്യം ചെയ്യുന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.



