തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹർജി നൽകിയ 11 പ്രതികളിൽ ഇന്ന് പരിഗണിച്ച ഏഴുപേർക്കാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ച് ജാമ്യം നൽകിയത്. ശ്രീജിത്ത്, അനിൽ കുമാർ, ഷെഫീക്ക്, നിഷാദ്, ജീവൻ, കിരൺ തുടങ്ങിയ പ്രതികൾക്കാണ് ഹൈക്കോടതി ആശ്വാസം നൽകിയത്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും, അതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും ഇ.ഡി കക്ഷിചേർന്ന് ശക്തമായി വാദിച്ചിരുന്നു. എന്നാൽ പ്രതികൾ 67 ദിവസമായി ജയിലിൽ കഴിയുകയാണെന്നും, അന്വേഷണം പൂർത്തിയായി കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അവസാനിച്ചെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മേയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി തിരികെ മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.ഐ.എം പ്രവർത്തകർ വഴിതടഞ്ഞ് ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിചാരണക്കോടതികൾ നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതിന് മുൻപ് ജാമ്യം ലഭിച്ചിരുന്നത്. എന്നാൽ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സി.പി.ഐ.എം പ്രവർത്തകനായ നിതിൻ രാജാണ് കേസിലെ ഒന്നാം പ്രതി.



