പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇരുപതുകാരന് പോലീസ് സ്റ്റേഷനിൽ ക്രൂരമർദനമേറ്റതായി ആഭ്യന്തരമന്ത്രിക്ക് പരാതി. കൂടൽ എസ്ഐ ജയമോഹനും സംഘത്തിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വ്യാജ പരാതി നൽകിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് പരാതി നൽകിയത്. സിവിൽ വേഷത്തിലെത്തിയ പോലീസ് സംഘം തന്നെ വീട്ടിൽ നിന്ന് ബലപ്രയോഗത്തിലൂടെ കാറിൽ കയറ്റി നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കുന്നു. തനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും പോലീസ് കേൾക്കാൻ തയ്യാറായില്ല. ലാത്തികൊണ്ട് കാൽവെള്ളയിൽ അടിക്കുകയും ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും ചെയ്ത പോലീസ്, ചെവിയിൽ പിടിച്ച് മുകളിലേക്ക് വലിച്ചുയർത്തിയതായും ഇതിനാൽ ചെവിക്ക് ഗുരുതര ക്ഷതമേറ്റതായും യുവാവ് വെളിപ്പെടുത്തി. ജൂലൈ നാലിന് വൈകിട്ടോടെയാണ് യുവാവിനെ പോലീസ് വിട്ടയച്ചത്. യുവാവിന്റെ ജ്യേഷ്ഠനെ ജിമ്മിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം, അനുജനാണെന്ന് കരുതിയാണ് പോലീസ് വീട്ടിലെത്തി ഇരുപതുകാരനെ പിടികൂടിയത്. സംഭവത്തിൽ പോലീസിനെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ കൂടൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സഹപാഠികൾക്കെതിരെ നൽകിയ പീഡന പരാതി പൂർണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തനിക്ക് പ്രണയം തോന്നിയ സഹപാഠി അത് നിരസിച്ചതിലുള്ള നിരാശയിലാണ് ഇങ്ങനെയൊരു പരാതി നൽകിയതെന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്. വൈദ്യപരിശോധനയിലും പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും ശരീരത്തിൽ പരിക്കുകളില്ലെന്നും തെളിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചതും നാല് സഹപാഠികളെയും രണ്ട് മുതിർന്നവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തതും. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ റഫർ റിപ്പോർട്ട് സമർപ്പിക്കും.



