തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞു മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ ആറാം പ്രതി കിരൺ, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവർ സമർപ്പിച്ച ജാമ്യ ഹർജികളാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരാകരിച്ചത്. ഇതേ കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി മുഖ്യപ്രതിയും സിപഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പ്രതികളെ കഴിഞ്ഞ ദിവസം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വഞ്ചിയൂർ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വർക്കല ഇളകമൺ സ്വദേശി ലെനിൻ രാജ്, നെയ്യാറ്റിൻകര സ്വദേശി ജി.ആർ. നന്ദു, മഞ്ചവിളാകം സ്വദേശി രാഹുൽ രാജൻ, നെടുമങ്ങാട് സ്വദേശി രാഹുൽ, പാപ്പനംകോട് സ്വദേശി വൈശാഖ് എന്നിവരാണ് ഐ.പി. ബിനുവിനൊപ്പം പോലീസ് കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസിന് കൈമാറിയ മജിസ്ട്രേറ്റ് കോടതി, കസ്റ്റഡിയിലുള്ള സിപിഎം നേതാവ് ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ബിനുവിന് രക്തസമ്മർദ്ദം വളരെ കൂടുതലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് കോടതിയുടെ ഈ ഇടപെടൽ ഉണ്ടായത്. പ്രതിയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് മാത്രമേ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാവൂ എന്നും കോടതി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങളുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.



