ഇടതുപക്ഷത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ ശൈലിയും അമിതാധികാര മനോഭാവവുമാണെന്ന് നിശിതമായി വിമർശിച്ച് ഇടത് സഹയാത്രികനും മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. കേരളത്തിലുണ്ടായത് സിപിഐഎമ്മിനെതിരെയുള്ള വിധിയെഴുത്തല്ലെന്നും മറിച്ച് പിണറായി വിജയൻ എന്ന വ്യക്തിക്കെതിരെയുള്ള ജനരോഷമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇത്തവണ ഇടതുപക്ഷം വോട്ട് തേടിയത് മുന്നണിക്കുവേണ്ടിയല്ല, മറിച്ച് ഒരു വ്യക്തിയുടെ മൂന്നാം ഊഴത്തിന് വേണ്ടിയായിരുന്നുവെന്നും ഇത് ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പിണറായിയുടെ ഏകാധിപത്യ സ്വഭാവവും മാന്യതയില്ലാത്ത സംസാരഭാഷയും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും ഈ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹം തന്നെ ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ എപ്പോഴും പാർട്ടിക്കും സംഘടനയ്ക്കും വിധേയരായിരിക്കണം എന്ന കീഴ്വഴക്കം കോടിയേരി ബാലകൃഷ്ണന്റെ കാലശേഷം നഷ്ടമായെന്നും ഇപ്പോൾ പാർട്ടിക്ക് മുഖ്യമന്ത്രിയുടെ മേൽ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി സെക്രട്ടറി ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടി വരുന്നുവെന്നും പിണറായിയെ സ്വന്തം ഇഷ്ടത്തിന് പ്രവർത്തിക്കാൻ വിട്ടത് വലിയ തെറ്റായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണത്തിന് എതിരല്ല, മറിച്ച് ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിന്റെ ഉടമയായി പത്തുവർഷം വിലസിയ പിണറായിയുടെ ഭാവത്തോടാണ് ജനങ്ങൾ പ്രതികരിച്ചത്. ബംഗാളിൽ മമത ബാനർജി സിപിഎമ്മിനെ പുറത്താക്കിയ ചരിത്രം ഓർമ്മിപ്പിച്ച അദ്ദേഹം, പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കരുതെന്നും നിർദ്ദേശിച്ചു. ചോദ്യങ്ങൾ കേൾക്കാനും സ്വയം നവീകരിക്കാനും പാർട്ടി തയ്യാറായാൽ മാത്രമേ ബംഗാളിലെ അവസ്ഥ കേരളത്തിൽ ആവർത്തിക്കാതിരിക്കൂ എന്നും അത്തരമൊരു തിരിച്ചുപോക്കിന് ഇപ്പോഴും കെൽപ്പുള്ള പ്രസ്ഥാനമാണ് സിപിഐഎമ്മെന്നും സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു.



