സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് എറണാകുളം ആലുവയിൽ ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും” എന്ന വാചകങ്ങളോടെ ആലുവ തോട്ടുമുഖത്തെ പ്രധാന പാതയിലാണ് ബോർഡ് ഉയർന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പാർട്ടിയിൽ അധികാരവടംവലി രൂക്ഷമാണെന്ന സൂചനയാണ് ഈ നീക്കം നൽകുന്നത്. കഴിഞ്ഞദിവസം കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹം കേരള മുഖ്യമന്ത്രിയാണെന്ന തരത്തിൽ തിരുത്തലുകൾ വന്നത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ സതീശനായി ഫ്ലക്‌സ് ബോർഡുകൾ കൂടി ഉയർന്നതോടെ ഗ്രൂപ്പ് പോര് തെരുവിലേക്കും വ്യാപിച്ചിരിക്കുകയാണ്.
വോട്ടെടുപ്പ് പൂർത്തിയായത് മുതൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി നടക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കായി വിപുലമായ പ്രചാരണങ്ങളാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന ‘ജനനായകൻ’ എന്ന ഡോക്യുമെന്ററിയും പ്രത്യേക പോഡ്‌കാസ്റ്റുകളും ഇതിന്റെ ഭാഗമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത്തരം ചർച്ചകളോട് തനിക്ക് വ്യക്തിപരമായ വിയോജിപ്പുണ്ടെന്ന് കെ.സി. വേണുഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ നേതാക്കൾക്കായി അണികൾ നടത്തുന്ന ഈ പരസ്യമായ മത്സരങ്ങൾ മുന്നണിക്കുള്ളിലും വലിയ അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്.



