തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും സൈബർ ഇടങ്ങളിലേക്കും പടരുന്നത് പാർട്ടിക്കുള്ളിൽ വലിയ അസ്വസ്ഥതകൾക്ക് കാരണമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അനുകൂലിക്കുന്നവർ തമ്മിലാണ് നിലവിൽ പ്രധാനമായും പോര് നടക്കുന്നത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലയിൽ നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന താത്പര്യം പ്രകടിപ്പിച്ചതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ കെ.സി. വേണുഗോപാലിനെ പ്രശംസിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തിയതോടെ പോര് മുറുകി. സുധാകരന്റെ പോസ്റ്റിന് താഴെ ഇരുവിഭാഗം പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. കെ. സുധാകരന്റെ പരസ്യ നിലപാടിനെതിരെ നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയതും തർക്കം കൂടുതൽ സങ്കീർണ്ണമാക്കി.
ഭരണമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന മുന്നണിയിൽ വോട്ടെണ്ണലിന് മുൻപേ അരങ്ങേറുന്ന ഈ അധികാര വടംവലിയിൽ ഘടകകക്ഷിയായ മുസ്ലിം ലീഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഇത്തരം പരസ്യ ചർച്ചകൾ ഒഴിവാക്കണമെന്നാണ് ലീഗിന്റെ നിലപാട്. തർക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കുചേരാൻ കെ.സി. വേണുഗോപാൽ വിസമ്മതിച്ചു. പാർട്ടിക്കൊരു നേതൃത്വമുണ്ടെന്നും അവർ കൃത്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, പാർട്ടിക്കുള്ളിലെ ഈ പരസ്യപ്പോര് അവസാനിപ്പിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രൂപ്പ് വൈരങ്ങൾ വീണ്ടും തലപൊക്കുന്നത് തിരഞ്ഞെടുപ്പിലുണ്ടാകാനിടയുള്ള അനുകൂല തരംഗത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കൾ.



