പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. പണം നൽകി പാലക്കാടിനെയോ ഇവിടുത്തെ വോട്ടർമാരുടെ രാഷ്ട്രീയ ബോധത്തെയോ വാങ്ങാൻ കഴിയില്ലെന്നും ബിജെപിയുടെ ഇത്തരം നീക്കങ്ങളെ വോട്ടർമാർ തിരസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്ന പാർട്ടി തിരഞ്ഞെടുപ്പ് ചട്ടങ്ങളെയും ജനാധിപത്യ പ്രക്രിയയെയും പൂർണ്ണമായും അവഗണിക്കുകയാണ്. നേരായ മാർഗ്ഗത്തിലൂടെ ജയിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ബിജെപി പരാജയം സമ്മതിച്ച് ഇത്തരം കുറുക്കുവഴികൾ തേടുന്നത്. മൂന്നും നാലും വാഹനങ്ങളിൽ കൂട്ടമായി എത്തി വീടുകളിൽ പണം നൽകി തിരഞ്ഞെടുപ്പിനെ നേരിടാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും വടക്കേ ഇന്ത്യയിലെ ഇത്തരം ദുശ്ശീലങ്ങൾ പരീക്ഷിക്കാനുള്ള ഇടമല്ല പാലക്കാടെന്നും ഷാഫി പറമ്പിൽ ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രി നേരിട്ട് വന്ന് പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിൽ യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് ബിജെപി സ്ഥാനാർത്ഥി തന്നെ സമ്മതിക്കുന്നതിന് തുല്യമാണ് ഈ പണമൊഴുക്കൽ. പാലക്കാടിന്റെ രാഷ്ട്രീയ സംസ്കാരത്തെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാൽ ഇവിടുത്തെ ജനങ്ങൾ ആത്മാഭിമാനം പണയം വെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഇത്രകാലം പറഞ്ഞ ‘മാറ്റത്തിന്’ പിന്നിലെ യാഥാർത്ഥ്യം ഇതാണോ എന്ന് ജനങ്ങൾ തിരിച്ചറിയണം. ഈ വിഷയം അതീവ ഗുരുതരമാണെന്നും കണ്ണാടിയിൽ മാത്രമല്ല മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഇടപെടലുകൾ നടന്നതായി സംശയിക്കുന്നതായും ഷാഫി പറമ്പിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും സ്ഥാനാർത്ഥിയെ അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, സംഭവത്തിൽ രേഖാമൂലം പരാതി നൽകുമെന്നും വ്യക്തമാക്കി.



