2018-ലെ കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിർമ്മിതമാണെന്ന ആരോപണം മാത്യു കുഴൽനാടൻ എംഎൽഎ വീണ്ടും ശക്തമാക്കി. പ്രളയത്തിന് പ്രധാന കാരണം ജലവിഭവ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്നും സ്പിൽവേയിലെ കരിമണൽ ഖനനത്തിന് പ്രാധാന്യം നൽകിയതിനാലാണ് വെള്ളം കൃത്യസമയത്ത് തുറന്നുവിടാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രളയത്തിന് പിന്നിൽ ബിജെപി – സിപിഐഎം ഡീൽ ഉണ്ടെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. 2019 മെയ് 31-ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം തന്റെ വാദങ്ങളെ സാധൂകരിച്ചത്. മഴയെത്തുന്നതിന് മുൻപ് തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് സർക്കാർ ഉത്തരവിറക്കിയത് ജനങ്ങളുടെ സുരക്ഷയെക്കാൾ കരിമണൽ ഖനനത്തിന് മുൻഗണന നൽകുന്നതിനാലാണെന്ന് അദ്ദേഹം പരിഹസിച്ചു.
വെള്ളപ്പൊക്കം തടയുന്നതിനേക്കാൾ, വെള്ളം വന്ന് മണ്ണ് ഒലിച്ചുപോകുന്നതിന് മുൻപ് അത് എങ്ങനെയെങ്കിലും ഖനനം ചെയ്തെടുക്കാനാണ് വകുപ്പ് ശ്രമിച്ചതെന്ന് മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പിൽവേയുടെ മുന്നിൽ അടിഞ്ഞുകൂടിയ കരിമണൽ എടുക്കുന്നതിലായിരുന്നു ജലവിഭവ വകുപ്പിന്റെ താല്പര്യം. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ മണ്ണ് ഒഴുകിപ്പോകാതെ നോക്കണമെന്ന് ഉത്തരവിൽ പറയുന്നത് ഡാം മാനേജ്മെന്റ് നിർവ്വഹിക്കേണ്ട ഒരു വകുപ്പിന് ചേർന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിൽ ഇത്തരം ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ തനിക്കെതിരെ ഏകപക്ഷീയമായ നീക്കങ്ങളാണ് നടക്കുന്നതെന്നും, സത്യം പറയുന്നത് തടയാൻ മൈക്ക് ഓഫ് ചെയ്യാൻ പോലും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



